ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പ്രബലമായ നാട്ടുരാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഒരു കേന്ദ്രമായിരുന്നു കടപ്ലാമറ്റം. ഈ രാജാക്കന്മാർ തമ്മിൽ പലയുദ്ധങ്ങളും ഈ പ്രദേശത്ത്നടന്നിട്ടുണ്ട്. പടനിലവും പാളയവുമായിരുന്നു ഈ സ്ഥലം. തന്നിമിത്തം  ഇതിനു പടത്തലമറ്റം എന്ന പേരുമുണ്ടായി. പടത്തലമറ്റമെന്നതിന്റെ തൽഭവമാണ്. കടപ്ലാമറ്റം. ഇവിടുത്തെ പല സ്ഥലനാമങ്ങളും ഈ നിഗമനത്തെ വെളിവാക്കുന്നവയാണ്. ഭഗവതിക്കുന്ന്, കത്തനാരുകടവ്എഴുത്തുപുഴ, വെടിക്കുന്ന്, വെട്ടിയ്ക്കക്കുഴി, പാലംതട്ട്, ആനക്കുഴിച്ചിട്ടമറ്റം, മുറത്തട്ടേലുകാവ് മങ്ങൾ ഇതിനു ഉദാഹരണങ്ങളാകുന്നു. കടപ്ലാമറ്റത്ത്എ.ഡി. ആയിരമാണ്ടോടടുത്തു സ്ഥാപിതമായിരുന്ന ക്രൈസ്തവ ദേവാലയം രാജാക്കന്മാർ തമ്മിലുണ്ടായ സംഘട്ടന ഫലമായി നശിച്ചുപോയെന്നും ക്രൈസ്തവർ തങ്ങളുടെ പള്ളി വീണ്ടും സ്ഥാപിക്കണമെന്നാഗ്രഹമുണ്ടായപ്പോൾ കാളികാവ്സ സ്വദേശി (അന്നത്തെ കാളികേവ്ഇന്നത്തെ മാറിയിടം ഭാഗമാണെന്ന് കണക്കാക്കപ്പെടുന്നു) പൊതിയിട്ടേൽ തൊമ്മൻ തര്യതു കത്തനാരുടെ നേതൃത്വത്തിൽ അന്ന് ഈ പ്രദേശത്തിന്റെ അധിപനായിരുന്ന തുമ്പയിൽ കൈമൾ എന്ന ഇടപ്രഭുവിനെ സമീപിക്കുകയും അദ്ദേഹം പൊതിയിട്ടയിൽ തൊമ്മൻ കത്തനാർക്ക് തീട്ടുരം (അനുവാദം) കൊടുത്തതായും പള്ളി ചരിത്രത്തിൽ          രേഖയുണ്ട്

ഹൈന്ദവരും ക്രൈസ്ത്രവരും സമഭാവനയിലും ഐക്യത്തിലും ഇവിടെ ജിവിച്ചിരുന്നു. കടപ്ലാമറ്റം പള്ളി പണിയുന്നതിന് അനുമതിനല്കിയ തുമ്പയിൽകൈമൾ എന്ന ഇടപ്രഭുവിന്റെ ഇല്ലത്തിന്റെ നഷ്ടശിഷ്ടങ്ങളും അവരുടെ പ്രതിഷ്ഠയായിരുന്ന മുറത്തട്ടേലു കാവും പരിയാര മംഗലത്ത് ഇന്നും നിലനിൽക്കുന്നു. രണ്ടുമൂന്നു ചെറിയ പള്ളികളും, പള്ളിയുടെ മേല്നോട്ടത്തിൽ പള്ളിമുറ്റത്തുണ്ടായിരുന്ന സെന്റ്. ജോസഫ് എൽ.പി.സ്കൂളും ഒഴികെ ഏതാനും ചെറിയ ചായ ക്കടകളും ഒരു ജൌളിക്കടയും മാത്രം ഉൾക്കൊണ്ടിരുന്ന കടപ്ലാമറ്റം പ്രദേശത്ത്  1930 നു ശേഷമുണ്ടായ ഉയർച്ച അസൂയാവഹമായിരുന്നു. 1200 വർഷങ്ങൾക്കു മുമ്പുതന്നെ വയലായിൽ പ്രബുദ്ധമായ ഒരു ജനത വസിച്ചിരുന്നു എന്നതിനു തെളിവാണ്  വയലാ പ്രദേശത്തെ വീട്ടുപേരുകൾ. ജൈനക്ഷേത്രം എന്ന് അര്ത്ഥമുള്ള കോട്ടയിൽ ജൈന ക്ഷേത്രത്തിലെ ഭാവിഫലം പറയുന്ന കണിഅടികൾ താമസിച്ചിരുന്ന  കണിയടി, കൂത്തനടി,  തന്നടി തുടങ്ങിയ പറമ്പു പേരുകൾ ഈ നിഗമനത്തെ സാധൂകരിക്കുന്നു. അതുപോലെതന്നെ ബുദ്ധ മതാനുയായികളുടെ ആവാസകേന്ദ്രം എന്ന് ആദികാലത്ത് അർത്ഥമുണ്ടായിരുന്ന പള്ളി എന്ന പേരു ചേർത്ത പതിനഞ്ചോളം പറമ്പുകളും വയലായിലുണ്ട്. ഓത്തപള്ളി(ഓത്തോളിൽ), മുട്ടപ്പള്ളി, കൊശപ്പള്ളി, പുതുപ്പള്ളി, കാട്ടാമ്പള്ളി എന്നിവയെല്ലാം ജൈന-ബുദ്ധമതങ്ങള്ഒരുകാലത്ത് വയലായിൽ ശക്തിപ്രാപിച്ചിരുന്നുവെന്നതിന് സാക്ഷ്യങ്ങളാണ്. വയലായുടെ കിഴക്കേ അതിർത്തിയിലുള്ള ഞരളപ്പുഴ അയ്യപ്പക്ഷേത്രം, പടിഞ്ഞാറെ അതിരിൽ ഉണ്ടായിരുന്ന മുണ്ടുകയ്യൻ അയ്യപ്പക്ഷേത്രം, വയലാ പാറന്തുരുത്തുകാവ്, തൃക്കേൽഅമ്പലം എന്നിവയും ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ളവയാണ്. 1967-68 ലെ ശബരിമല മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി കീഴേടത്ത് തൊട്ടി ഇല്ലം കടപ്ലാമറ്റം പഞ്ചായത്തുകാരനാണെന്ന കാര്യവും സ്മരിക്കപ്പെടേണ്ടതാണ്. വയലാ വഴിയായിരുന്നു പുരാതന കാലത്തെ പ്രസിദ്ധമായിരുന്ന അഞ്ചലോട്ടം (പട്ടിത്താനം വെമ്പള്ളി  വയലാ ഇലയ്ക്കാട്, പാവയ്ക്കൽ, ഉഴവൂർ, വെളിയന്നൂർ, പൂവക്കുളം, മൂവാറ്റുപുഴ) കാളവണ്ടി യാത്രയും സാധാരണ ഈ വഴിയായിരുന്നു. ഇതിന്റെ പ്രതീകമായി കടപ്ലാമറ്റം മരങ്ങാട്ടുപിള്ളി റോഡിൽ ചുമടുതാങ്ങി ഇന്നും നിലകൊള്ളുന്നു. വയലാകരയിൽ ഡോ. എസ്. എൻ തീർഥയുടെ മാനേജ്മെന്റിലാരംഭിച്ച ഹരിജൻ എൽ.പി.സ്കൂളും 300 വർഷം പഴക്കമുള്ള മമ്പള്ളി കൊട്ടാരവും 75 വർഷം പഴക്കം ചെന്ന ദേവാലയവുമെല്ലാം ഇന്നും സാംസ്കാരിക പ്രതീകങ്ങളായി നിലകൊള്ളുന്നു.